ശനിയാഴ്ച നടന്ന ടുണീഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 8.8 ശതമാനം പോളിങ് മാത്രമെന്ന് കണക്കുകള്‍. ഔദ്യോഗിക പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 803,000 പേര്‍ വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ അറിയിച്ചു. മിക്ക ടുണീഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതാണ് പോള്‍ ശതമാനം കുറയാന്‍ കാരണം.
വോട്ട് ബഹിഷ്‌കരണം
ജനങ്ങള്‍ വോട്ടെടുപ്പിന്റെ ഭരണഘടനാ അടിസ്ഥാനം നിരസിക്കുകയും അതിനെ നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പ് നിയമത്തെ വിമര്‍ശിക്കുകയും ചെയ്തതായാണ് വിലയിരുത്തല്‍. വോട്ടെടുപ്പ് അധികാരം ഉറപ്പിക്കാനുള്ള പ്രസിഡന്റ് കൈസ് സെയ്ദിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പ്രധാന വിമര്‍ശനം. സ്വേച്ഛാധിപത്യ നീക്കമാണെന്നുണ്ടാകുന്നതെന്ന പേരിലാണ് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിതമായി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.
പാര്‍ലമെന്റ് സ്തംഭനം
2021 ജൂലൈയിലാണ് ടുണീഷ്യന്‍ പാര്‍ലമെന്റ് അവസാനമായി യോഗം ചേര്‍ന്നത്. വര്‍ഷങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും സാമ്പത്തിക സ്തംഭനാവസ്ഥയ്ക്കും ശേഷം സെയ്ദ് നിയമസഭ മരവിപ്പിക്കുകയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. മാര്‍ച്ചില്‍ അദ്ദേഹം പാര്‍ലമെന്റ് പിരിച്ചുവിട്ടു. 2019 ല്‍ തിരഞ്ഞെടുക്കപ്പെട്ട സെയ്ദ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തടയുകയും പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്‌തെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ തന്നെ പിന്തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവുമെന്ന നിലപാടാണ് കെയ്‌സ് സെയ്ദിന്റേത്.
അറബ് വസന്തവും മുല്ലപ്പൂ വിപ്‌ളവവും
അറബ് വസന്തത്തിന് ശേഷം ജനാധിപത്യ ഭരണപ്രക്രിയയിലേക്ക് മാറിയ രാജ്യമാണ് ടുണീഷ്യ. 2011 മുതല്‍ ജൗജിപ്റ്റ് , യെമന്‍, ഇറാന്‍, അള്‍ജീരിയ, ലിബിയ, സിറിയ തുടങ്ങി മധ്യ കിഴക്കന്ഡ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്കെതിരേ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനാധിപത്യം പൂവണിയിക്കാനൂളള വസന്തം എന്നപേരില്‍ നടന്ന അറബ് വസന്തം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു. പ്രതിഷേധങ്ങളുടെ ഫലമായി 2011ല്‍ ടുണീഷ്യയില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നു. മുലപ്പൂ വിപ്ലവം എന്ന പേരില്‍ ശ്രദ്ധേയമയ ടുണീഷ്യന്‍ സമരമായിരുന്നു രാജ്യത്തുണ്ടായത്. എന്നാല്‍ ജനാധിപത്യത്തിന്റെ പന്ത്രണ്ടാം വര്‍ഷം ടുണീഷ്യയില്‍ പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ ഉയരുകയാണ്.