ഖത്തർ ലോകകപ്പിനായി കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയം പൊളിച്ചുമാറ്റും. 974 കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിച്ചതിനാൽ ഈ സ്റ്റേഡിയത്തിന് 974 സ്റ്റേഡിയം എന്നായിരുന്നു പേര്. ഈ വേദിയിലെ എല്ലാ മത്സരങ്ങളും പൂർത്തിയായതോടെ സ്റ്റേഡിയം ഉടൻ പൊളിക്കാനാണ് നീക്കം. ഇന്നലെ രാത്രിയിലെ ബ്രസീൽ – ദക്ഷിണ കൊറിയ പ്രീ ക്വാർട്ടർ മത്സരമാണ് ഇവിടെ അവസാനം നടന്നത്.
ഖത്തർ ലോകകപ്പിനായി നിർമിച്ച വിസ്മയങ്ങളിൽ ഒന്നായിരുന്നു 974 സ്റ്റേഡിയം. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേറിട്ടതും പുതുമയാർന്നതുമായിരുന്നു ഈ സ്റ്റേഡിയം. ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ട് സ്റ്റേഡിയം നിർമ്മിക്കാനായി പുനരുൽപ്പാദിപ്പിച്ച സ്റ്റീൽ കൊണ്ട് സ്ട്രക്ചർ തയ്യാറാക്കുകയായിരുന്നു.
അർജന്റീനയുടെയും ബ്രസീലിൻ്റെയും അടക്കം ഏഴ് മത്സരങ്ങളാണ് ഇവിടെ നടത്തിയത്. ദോഹയിലെ ബീച്ചിന് സമീപത്തായാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്പെയിനിലെ സെൻവിഗ് എരിബാൻ ഗ്രൂപ്പാണ് നിർമ്മാണം നടത്തിയത്. ഡിസംബർ 16ന് ശേഷം ഈ സ്റ്റേഡിയം പൂർണമായും ഉണ്ടാകില്ല.