ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇനി കടുത്ത ആവേശത്തിലേക്ക്. പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കാനുള്ള നിർണായക മത്സരങ്ങൾക്കായി ഇന്ന് ടീമുകൾ കളത്തിലിറങ്ങും. കോസ്റ്ററിക്കയും ജർമനിയും തമ്മിലിന്ന് ജീവന്മരണപ്പോരാട്ടമാണ് നടക്കുക. ബെൽജിയം, മൊറോക്കോ, ജപ്പാൻ എന്നീ ടീമുകൾക്ക് ഇന്ന് വാശിയേറിയ മത്സരമാണുള്ളത്.
ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ – ബെൽജിയം മത്സരവും കാനഡ – മൊറോക്കോ മത്സരവും ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30ന് നടക്കും. ഗ്രൂപ്പിൽ 4 പോയിൻ്റുള്ള ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. 4 പോയിൻ്റുള്ള മൊറോക്കോയാണ് ഗ്രൂപ്പിൽ രണ്ടാമത്. 3 പോയിൻ്റുള്ള ബെൽജിയം മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള കാനഡയ്ക്ക് പോയിൻ്റില്ല.
ഇന്ന് സമനിലയെങ്കിലും നേടിയാൽ അഞ്ച് പോയിൻ്റുമായി ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടറിലെത്താം. എന്നാൽ, ബെൽജിയത്തിന് ഇന്ന് ജയിച്ചേതീരൂ. ക്രൊയേഷ്യയും മൊറോക്കോയും ജയിച്ചാൽ ഇരുടീമുകളും 7 പോയിൻ്റുമായി പ്രീ ക്വാർട്ടറിലെത്തും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ അനുസരിച്ച് തീരുമാനിക്കും. ക്രൊയേഷ്യയും മൊറോക്കോയും സമനിലയിലായാൽ ഇരുവർക്കും അഞ്ച് പോയിൻ്റുകൾ വീതം ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനങ്ങൾ ഗോൾ ശരാശരിയിൽ തീരുമാനിച്ച് ഇരു ടീമുകളും പ്രീ ക്വാർട്ടറിലെത്തും.
ഗ്രൂപ്പ് ഇയിൽ ജപ്പാൻ – സ്പെയിൻ, കോസ്റ്റാറിക്ക-ജർമനി മത്സരങ്ങൾ ഇന്ന് രാത്രി 12.30നാണ്. ഗ്രൂപ്പിൽ 4 പോയിൻ്റുമായി സ്പെയിനാണ് ഒന്നാം സ്ഥാനത്ത്. 3 പോയിൻ്റ് വീതമുള്ള ജപ്പാനും കോസ്റ്ററിക്കയും രണ്ടും മൂന്നും സ്ഥാനത്തും ഒരു പോയിൻ്റ് മാത്രമുള്ള ജർമനി നാലാമതുമാണ്. സ്പെയിൻ ഒരു സമനില കൊണ്ട് അടുത്ത ഘട്ടത്തിലെത്തും. കോസ്റ്റാറിക്ക തോറ്റാൽ ജപ്പാനും സമനില മതി. എന്നാൽ, കോസ്റ്റാറിക്കയ്ക്കും ജർമനിക്കും ഇന്ന് ജയം അനിവാര്യമാണ്.