അബുദാബിയില്‍ വിമാന യാത്രക്കാർക്ക് ഹോട്ടലിലേക്കോ വീട്ടിലേക്കോ പോകാൻ ഇനി പറക്കും ടാക്സി. ഇലക്ട്രിക് എയര്‍ ടാക്സിയില്‍ യാത്രക്കാരെ വീട്ടില്‍ എത്തിക്കുന്നതാണ് പുതിയ പദ്ധതി. ഇതിനായി അബുദാബി എയര്പോര്ടും ഫ്രഞ്ച് കമ്പനി ഗ്രൂപ്പ് എഡിപിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ആദ്യമായാണ് ഇത്തരമൊരു സര്‍വീസ് അറബ് മേഖലയിൽ വരുന്നത്.
പദ്ധതിയുടെ സാധുതാപഠനവും മാര്‍ക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബുദാബിയില്‍ നടത്തുമെന്നാണ് റിപ്പോർട്ട്. അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് പദ്ധതി. തുടക്കത്തില്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായിരിക്കും എയർ ടാക്സി സേവനം. ഭാവിയില്‍ ഇത് മറ്റ് എമിറേറ്റുകളിലേക്കുകൂടി വ്യാപിപ്പിക്കും. ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നതിനാല്‍ പ്രത്യേക റണ്‍വേയുടെ ആവശ്യമില്ലെന്ന് അധികൃതർ പറയുന്നു.