സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെ ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇളവുമായി സൗദി. സൗദി പൗരന്‍മാര്‍ക്കായി നിശ്ചയിച്ച തൊഴില്‍ മേഖലകളില്‍ ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് തൊഴില്‍ നിഷേധിക്കില്ലെന്നും സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ ഗൾഫ് കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരനെ നിയമിക്കുകയാണെങ്കിൽ അത് സൗദിവൽക്കരണമായി കണക്കാക്കണമെന്നാണ് നിര്‍ദ്ദേശം. ഗതാഗത മേഖലയിലും കണ്‍സൾട്ടിംഗ് മേഖലയിലും സെയില്‍ ഔട്ട് ലെറ്റുകളിലും സൂപ്പര്‍വൈസറി മേഖലകളിലും ഉൾപ്പെട സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു.
വ്യോമയാന തൊഴിലുകൾ , പാഴ്സല്‍ ഗതാഗതം, ഒപ്ടിക്കല്‍ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളില്‍ 2023 മുതല്‍ അമ്പത് ശതമാനം സ്വദേശിവത്കരണം ശ്കതമാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി സ്വദേശി പൗരന്‍മാരെ മുന്‍നിരയിലെത്തിക്കുകയാണ് സൗദിയുടെ ലക്ഷ്യം. മലയാളികൾ ഉൾപ്പടെ പ്രവാസികളെ തീരുമാനം സാരമായി ബാധിക്കുമെന്ന വിലയിരുത്തലിനിടെയാണ് ജിസിസി പൗരന്‍മാര്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്.