രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ. തെലങ്കാനയിലെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ യാത്ര മഹാരാഷ്ട്രയിലേക്ക് കടന്നു. ഡെഗ്ലൂർ കലാമന്ദിറിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വമാണ് യാത്രയെ വരവേറ്റത്. രണ്ടു മാസം പിന്നിട്ട യാത്ര ഇതിനോടകം 1500 കിലോമീറ്റർ സഞ്ചരിച്ചു.
ഇതിനിടെ, ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ കെജിഎഫ് 2 ചിത്രത്തിലെ പാട്ട് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ എന്നിവർക്കെതിരെ കേസെടുത്തത്. എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കേസ്. കോൺഗ്രസിൻ്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിൽ താത്കാലികമായി ബ്ലോക്ക് ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയത്.
ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് കെജിഎഫ് 2 ലെ സുൽത്താൻ എന്ന ഗാനം അതിനൊപ്പം ചേർത്താണ് കോൺഗ്രസ് പേജുകളിൽ പ്രചരിപ്പിച്ചത്. അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.