ഡബ്ല്യു.സി.സിയിലെ അംഗങ്ങളെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. പോരാളികൾക്ക് അഭിവാദ്യങ്ങൾ എന്ന തലക്കെട്ടിനൊപ്പം റീമ കല്ലിങ്കൽ പാർവതി തിരുവോത്ത് അഞ്ജലി മേനോൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഡബ്ല്യു.സി.സി അംഗങ്ങളുടെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ‘നിലപാടിന്റെ കരുത്തിന് ഒരേ ഒരു പേര് ഡബ്ല്യു.സി.സി’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
അതിനുപിന്നാലെ നടി ആക്രമിക്കപ്പെട്ടതിന് ശേഷം നട്ടെല്ലുള്ള ഒരുകൂട്ടം പെൺകുട്ടികൾ നടത്തിയ പോരാട്ടത്തിൻ്റെ വിജയമാണ് ഇതെന്നും ആ പെൺകുട്ടികളാണ് ശരി എന്ന് വ്യക്തമായെന്നും ഹരീഷ് പറഞ്ഞു. “ഒരു ചാക്കിൽ ഉപ്പാണോ പഞ്ചസാര ആണോ എന്നുള്ളത് മനസിലാക്കാൻ മുഴുവൻ കഴിച്ചുനോക്കേണ്ട കാര്യമില്ല, കാണുമ്പോൾ തന്നെ അറിയാം. നമ്മൾ ഒക്കെ കാത്തിരുന്ന ഒരു റിപ്പോർട്ട് ആണിത്.
അഞ്ച് വർഷത്തോളം എന്തിനാണ് ഇത് പൂഴ്ത്തി വച്ചിരുന്നതെന്ന് അറിയില്ല. ആരെ പേടിച്ചിട്ടാണ് എന്നത് വ്യക്തമാക്കേണ്ടതാണ്. ഇത് പുറത്തേക്ക് വന്ന സ്ഥിതിക്ക് ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നവർക്കെതിരെയുള്ള ഉചിതമായ നടപടികളാണ് പൊതുസമൂഹം കാത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം നട്ടെല്ലുള്ള ഒരു പറ്റം പെൺകുട്ടികളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി എന്ന സംഘടന ശക്തമായ പരാതി ഉന്നയിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മീഷൻ എന്ന കമ്മിറ്റി ഉണ്ടാവുകയും ചെയ്തത്. ആ കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.
ആ പെൺകുട്ടികളാണ് ശരി എന്നുള്ളത് കൂടി വ്യക്തമാകുന്ന സന്ദർഭമാണ് ഇത്. ക്ലീനിംഗ് തുടങ്ങേണ്ടത് എവിടെനിന്നാണെന്ന് ചോദിച്ചാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് മാറ്റിവെച്ച 70 പേജുകൾ ഉണ്ടല്ലോ, ആ 70 പേജുകളുടെ വരികൾക്കിടയിൽ നിന്നാണ് ആദ്യത്തെ വൃത്തിയാക്കൽ തുടങ്ങേണ്ടത്” എന്നാണ് ഹരീഷ് പേരടി തുറന്നുപറഞ്ഞത്.