പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ ഒ.ടി.ടിയിലേയ്ക്ക്. ബോക്സോഫീസിൽ 1,200 കോടി കളക്ഷൻ നേടിയ ചിത്രം ഇതിനോടകം പല റെക്കോർഡുകളും തിരുത്തിയിരുന്നു. ഏകദേശം 644.85 കോടി രൂപയാണ് ചിത്രത്തിൻ്റെ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ.
കൽക്കി ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിൻ്റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സും, ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ആമസോൺ പ്രൈം വീഡിയോസുമാണ് നടത്തുക. ദക്ഷിണേന്ത്യൻ ഭാഷകളിലെ സ്ട്രീമിംഗ് ഓഗസ്റ്റ് 23ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ 23 മുതൽ ചിത്രം ഒടിടിയിൽ കാണാം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടായേക്കും.
600 കോടി ബജറ്റുള്ള ചിത്രത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.