ഉരുൾപൊട്ടലിനേത്തുടർന്ന് ദുരിതമനുഭവിക്കുകയാണ് വയനാട്ടിലെ ജനങ്ങൾ. ദുരന്തമനുഭവിക്കുന്നവർക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ സ്ഥലങ്ങളിൽ പുരോഗമിക്കുകയാണ്. തളിപ്പറമ്പിലെ കലക്ഷൻ സെന്ററിൽ വളണ്ടിയറായി പ്രവർത്തിക്കുന്ന സിനിമാ താരം നിഖില വിമലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി ആരംഭിച്ച കലക്ഷൻ സെന്ററിലാണ് താരം എത്തിയത്. രാത്രി ഏറെ വൈകിയിട്ടും മറ്റു വളണ്ടിയർമാർക്കൊപ്പം കലക്ഷൻ സെൻ്ററിലെ പ്രവർത്തനങ്ങളിൽ നിഖില പങ്കാളിയായിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. താരത്തിന്റെ സന്മനസിനെ കയ്യടികളോടെയാണ് ആരാധകർ അഭിനന്ദിക്കുന്നത്.
സോഷ്യൽ മീഡിയിയെ പോസ്റ്റിൽ മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവർത്തിക്കാൻ നിഖില കാണിച്ച മനസ് അഭിനന്ദനമർഹിക്കുന്നുണ്ടെന്നും മറ്റുള്ളവർക്ക് താരം മാതൃകയാണെന്നുമാണ് കമന്റുകൾ വരുന്നത്. കണ്ണൂർ സ്വദേശിനിയാണ് നിഖില.