ഏഴ് മാസത്തെ ആഘോഷങ്ങൾക്ക് ഇന്ന് അവസാനം കുറിക്കുകയാണ്. മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ അനന്ത് അംബാനിയും രാധിക മെർച്ചൻ്റും ഇന്ന് വിവാഹിതരാകുന്നു. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ച് വിവാഹിതരാകുന്ന അനന്തിനെയും രാധികയെയും ആശീർവദിക്കാൻ താരലോകത്തെ നിരവധി പ്രമുഖരാണെത്തുന്നത്.
സംഗീത്, ഹൽദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾ സാക്ഷ്യം വഹിച്ചത്. ആഘോഷങ്ങളിലെല്ലാം വലിയ താരനിര തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, രാം ചരൺ, മുൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സാംസങ് സി.ഇ.ഒ. ഹാങ് ജോങ് ഹീ തുടങ്ങി രാഷ്ട്രീയ, വ്യവസായ, സിനിമാരംഗത്ത് നിന്നുള്ള നിരവധിപേർ ഇതിനോടകം മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.
മൈക് ടൈസൺ, യു.എസ്. ഗുസ്തി താരം ജോൺ സീന തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഗായകരായ അഡെയ്ലിന്റെയും ഡ്രേക്കിൻ്റെയും സംഗീതപരിപാടിയും വിവാഹത്തോട് അനുബന്ധിച്ച് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 4,000 മുതൽ 5,000 കോടിയോളം മുടക്കിലാണ് അനന്ത്-രാധിക വിവാഹം ആർഭാടമായി നടത്തുന്നത്.