നാഗവല്ലിയും ഗംഗയും ഡോ.സണ്ണിയും നകുലനുമെല്ലാം വീണ്ടും തിയേറ്ററിലെത്താനൊരുങ്ങുന്നു. അതെ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ‘മണിച്ചിത്രത്താഴ്’ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. വെറുമൊരു റിലീസല്ല, 4K ദൃശ്യമികവിലാണ് ചിത്രം സിനിമാ പ്രേമികൾക്കിടയിലേയ്ക്ക് എത്തുന്നത്.
ഓഗസ്റ്റ് 17നാണ് മലയാളി സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താൻ വീണ്ടും മണിച്ചിത്രത്താഴ് എത്തുന്നത്. മാറ്റിനി നൗവും ഇ4 എൻ്റർടൈൻമെൻ്റ്സും ചേർന്നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രം വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ മലയാള സിനിമാ പ്രേമികൾക്ക് അത് മറക്കാനാവാത്ത ഒരു അനുഭവമാകുമെന്ന കാര്യം ഉറപ്പാണ്.
1993-ൽ ഫാസിലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാള സിനിമയിലെ വമ്പൻ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥയും ഫാസിലിന്റെ സംവിധായക മികവും അഭിനേതാക്കളുടെ അകമഴിഞ്ഞ പകർന്നാട്ടവും തന്നെയാണ് ഇന്നും മലയാളികൾക്കിടയിൽ മണിച്ചിത്രത്താഴ് എക്കാലത്തേയും മികച്ച സിനിമാ അനുഭവമായി നിലനിൽക്കാൻ കാരണം.