ഇന്ത്യൻ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഇനി യുഎഇയിൽ ക്യുആർ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകൾ നടത്താം. എൻപിസിഐ ഇൻ്റർനാഷണൽ പേമെന്റ്സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റൽ പണമിടപാട് സേവനങ്ങൾ എത്തിക്കുന്ന നെറ്റ്വർക്ക് ഇന്റർനാഷണൽ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആർ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകൾ യുഎഇയിൽ എത്തിച്ചിരിക്കുന്നത്.
യുഎഇയിലെ മാളുകളടക്കം 60,000 സ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാൻ സാധിക്കും. മാൾ ഓഫ് എമിറേറ്റ്സ്, ദുബായ് മാൾ ഉൾപ്പെടെ മുൻനിര സ്ഥാപനങ്ങളിലും റീട്ടെയിൽ സ്റ്റോറുകളും റസ്റ്റോറന്റുകളിലും ഇതിനുള്ള സൗകര്യമുണ്ടാവും. ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തന്നെ ഈ സംവിധാനത്തിലൂടെ പണം നൽകാൻ സാധിക്കും എന്നതാണ് പ്രത്യേകത.
നേരത്തേ ദുബായിലെ മശ്റഖ് ബാങ്ക് നിയോപേയുമായി ചേർന്ന് ഫോൺപേ പെമെന്റിന് സൗകര്യം ഒരുക്കിയിരുന്നു. നേപ്പാളിലാണ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം അവതരിപ്പിച്ചത്. അതിനുപിന്നാലെ ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാൻസ്, സിംഗപൂർ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഇപ്പോൾ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കും. ഈ പട്ടികയിലേയ്ക്കാണ് യുഎഇയും ഉൾപ്പെട്ടിരിക്കുന്നത്.