നടൻ ധർമ്മജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനൂജ തന്നെയാണ്. സംഭവമെന്താണെന്നല്ലേ.. ഇന്ന് രാവിലെ ധർമ്മജൻ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. തന്റെ ഭാര്യ വിവാഹിതയാകുന്നുവെന്നും വരൻ താൻ തന്നെയാണെന്നും മുഹൂർത്തം 9.30നും 10.30നും ഇടയിലാണെന്നും പറഞ്ഞായിരുന്നു പോസ്റ്റ്. ഇതിനുപിന്നാലെയാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ആരാധകർ വിവിധ സംശയങ്ങളുമായെത്തുകയും ചെയ്തു. ഇപ്പോൾ വിവാഹത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ടാണ് റജിസ്റ്റർ ചെയ്യുന്നതൊരു ചടങ്ങായി മാറ്റാൻ ധർമജൻ തീരുമാനിച്ചത്. 16 വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് തങ്ങളെന്നും അന്നത്തെ സാഹചര്യത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതാണെന്നും ധർമജൻ പറഞ്ഞു. “പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയ ആളുകളാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. അന്ന് റജിസ്ട്രേഷനെക്കുറിച്ച് വലിയ തോന്നൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അങ്ങനെയൊരു തോന്നലുണ്ടായത്. കുട്ടികൾ ഒരാൾ പത്തിലും ഒരാൾ ഒൻപതിലുമായി. വൈഗയും വേദയും. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്നു മാത്രമല്ല രജിസ്റ്ററും ചെയ്തു.
റെക്കോർഡിക്കൽ ആയി നമുക്കൊരു രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും ചെല്ലുമ്പോൾ ഇതില്ലെങ്കിൽ പ്രശ്നമാകും. അല്ലാതെ ആളുകളുടെ മുമ്പിൽ ഇതു ചെയ്യാൻ വേണ്ടി ചെയ്തല്ല. നമ്മുടെ ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്ത കല്യാണമാണ്. കുട്ടികൾക്കും വലിയ സന്തോഷമായി. വിവാഹം കഴിക്കുക, കല്യാണപ്പെണ്ണായി ഒരുങ്ങുക എന്നതൊക്കെ ഒരു പെൺകുട്ടിയുടെ മോഹമാണ്. അന്നൊരു ചുരിദാറുമിട്ട്, വഴിയിൽ വന്നു നിന്നപ്പോൾ അവിടെ നിന്നു തട്ടിക്കൊണ്ടുവന്ന് കല്യാണം കഴിക്കുകയായിരുന്നു. ഇന്ന് ആ സ്വപ്നം ചെറുതായി ഒന്നു നടന്നു. അന്ന് ഞങ്ങളുടെ വിവാഹത്തിന് എൻ്റെ വീട്ടുകാരുടെ സമ്മതം ഇല്ലായിരുന്നു. ഇന്ന് രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
ഒരു വർഷത്തോളാണ് ഇവളുടെ വീട്ടുകാർ അകന്നു നിന്നത്. പിന്നീട് കുട്ടികളൊക്കെ ആയി കഴിഞ്ഞപ്പോൾ അതൊക്കെ മാറി, സൗഹൃദവും സന്തോഷവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവാഹം നടക്കുമ്പോഴും വേണ്ടപ്പെട്ട ചിലരൊക്കെ ഇല്ലാത്തതിന്റെ സങ്കടമുണ്ട്. എന്നാൽ തന്നെയും അധികം ആളുകളെ അറിയിക്കാതെയാണ് ഇതൊക്കെ പ്ലാൻ ചെയ്തത്. സാക്ഷി ഒപ്പിടാൻ പറ്റിയ ആളുകളെ മാത്രം വിളിച്ച് നടത്തിയ പരിപാടിയാണ്“ എന്നാണ് ധർമ്മജൻ പറഞ്ഞത്.
ധർമ്മജന്റെയും അനൂജയുടെയും വിവാഹ വാർഷികമാണ് ഇന്ന്. ഇതേ ദിവസത്തിൽ തന്നെ തന്റെ ഭാര്യയെ വീണ്ടും വിവാഹം ചെയ്തിരിക്കുകയാണ് ധർമ്മജൻ. വിവാഹ വാർഷിക ദിനത്തിൽ താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് “എൻ്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30നും 10.30നും ഇടയിൽ. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം”. ഇതോടെ അമ്പരന്ന ആരാധകർ കാര്യമന്വേഷിക്കാനും തുടങ്ങി.
വിവാഹ വാർഷിദിനത്തിൽ വേറിട്ട ആശംസയെന്ന് കരുതി പലരും പോസ്റ്റിന് രസകരമായ കമന്റുകളും ഇട്ടു. ഇതിന് പിന്നാലെയാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യുന്നതിന്റെയും തുളസി മലയണിഞ്ഞ് നിൽക്കുന്നതിന്റെയും വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്.