ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർന്ന മികച്ച ചിത്രമായിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനായി മോഹൻലാൽ എത്തിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ചിത്രം വീണ്ടും റിലീസിനെത്തുകയാണ്. ഫോർ കെ മികവിലാണ് ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നത് എന്നതാണ് വലിയ പ്രത്യേകത.
2000-ൽ റിലീസ് ചെയ്ത ദേവദൂതന് അക്കാലത്ത് വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും പതിയെ പതിയെ പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തോടൊപ്പം ജയപ്രദയുടെ അലീന അഥവാ ആഞ്ജലീന, വിനീത് കുമാറിൻ്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽപ്പുണ്ട്.
രഘുനാഥ് പലേരി തിരക്കഥയെഴുതിയ ചിത്രത്തിന്റെ റീ റിലീസിങ് വിവരം നിർമ്മാതാക്കളായ കോക്കേഴ്സ് മീഡിയാ എന്റർടെയിൻമെൻ്റ്സ് ആണ് പ്രഖ്യാപിച്ചത്. ദേവദൂതൻ്റെ ഒരു പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പിന്നിൽ നിന്നുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. പ്രധാന അണിയറപ്രവർത്തകരുടെ പേരുവിവരങ്ങൾ പോസ്റ്ററിലുണ്ടെങ്കിലും എന്നാണ് റിലീസെന്ന് വ്യക്തമായിട്ടില്ല.