മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ അറിയാത്തവരായി ആരുമുണ്ടാകില്ല. കാറപകടത്തിലുണ്ടായ ഗുരുതര പരുക്കിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന മഹേഷ് വീണ്ടും പരിപാടികളിൽ സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. താരത്തെ നേരിൽ കാണനെത്തിയിരിക്കുകയാണ് നടൻ ദിലീപ്.
കോലഞ്ചേരിയിലെ മഹേഷിൻ്റെ വീട്ടിലെത്തിയായിരുന്നു ദിലീസ് സുഖവിവരങ്ങൾ അന്വേഷിച്ചത്. കൈനിറയെ മധുരപലഹാരങ്ങളുമായാണ് ദിലീപ് മഹേഷിന്റെ വീട്ടിലേയ്ക്കെത്തിയത്. അപകടത്തിൽ പരുക്കേറ്റിരുന്ന മഹേഷിനെ നേരിട്ട് കാണണമെന്നത് തന്റെ വളരെ നാളായുള്ള ആഗ്രഹമായിരുന്നുവെന്നും മഹേഷിൻ്റെ മിമിക്രി വീഡിയോകൾ ഏറെ ആസ്വദിക്കുന്ന വ്യക്തി കൂടിയാണ് താനെന്നും ദിലീപ് പറഞ്ഞു. ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് ഗുരുതര പരിക്കേറ്റത്. തുടർന്ന് മാസങ്ങളോളം നീണ്ട ചികിത്സയിലൂടെയും ശസ്ത്രക്രിയകളിലൂടെയുമാണ് മഹേഷ് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്. കോവിഡ്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ചാണ് മഹേഷ് ശ്രദ്ധേയനായത്. പിന്നീട് വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ്, സൈജു കുറുപ്പ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം അതിഗംഭീരമായി മഹേഷ് അവതരിപ്പിക്കാറുണ്ട്.