ഗർഭച്ഛിദ്ര നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ഗർഭച്ഛിദ്രം അനുവദനീയമായ കേസുകളുടെ നടപടിക്രമങ്ങളും നിയന്ത്രണങ്ങളുമാണ് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) പ്രഖ്യാപിച്ചത്.
ഗർഭച്ഛിദ്രത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഒരോ അപേക്ഷയിലും വ്യക്തമാക്കിയിരിക്കുന്ന കാരണങ്ങൾ പഠിക്കാൻ ഓരോ ആരോഗ്യ വകുപ്പും ഒരു കമ്മിറ്റിയെ രൂപീകരിക്കും. തുടർന്ന് കമ്മിറ്റി, അപേക്ഷയിന്മേൽ ആവശ്യമായ പഠനം നടത്തിയ ശേഷം മാത്രമേ ഗർഭച്ഛിദ്രത്തിന് അനുവാദം നൽകുകയുള്ളു. മാത്രമല്ല, ഗർഭച്ഛിദ്രം ചെയ്യുന്നത് ലൈസൻസുള്ള ഒരു ഫിസിഷ്യൻ അംഗീകൃത സ്ഥാപനത്തിൽ ആയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഗർഭച്ഛിദ്രം ചെയ്യുന്ന സമയത്ത് ഗർഭിണിയുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ യാതൊരുവിധ മെഡിക്കൽ സങ്കീർണതകളും ഉണ്ടാക്കരുതെന്നും ഗർഭാവസ്ഥയുടെ കാലാവധി 120 ദിവസത്തിൽ കൂടരുതെന്നും മന്ത്രാലയം അറിയിച്ചു.