ട്വന്റി20 ലോകകപ്പിന് തുടക്കമായതിന് പിന്നാലെ ലോകകപ്പിലെ ഇന്ത്യൻ താരങ്ങളുമായി ബന്ധപ്പെട്ട് ചില തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. വിക്കറ്റ് കീപ്പറുടെ റോളിൽ സഞ്ജു സാംസണെക്കാളും മിടുക്കൻ ഋഷഭ് പന്ത് ആണെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പറഞ്ഞത്. ഒരു സ്പോർട്‌സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
“വിക്കറ്റ് കീപ്പിങ്ങിലെ മികവ് നോക്കുകയാണെങ്കിലും സഞ്ജു സാംസണെക്കാൾ മികച്ച താരം ഋഷഭ് പന്താണ്. നമ്മൾ ബാറ്റിങ്ങിനെക്കുറിച്ചല്ല ഇവിടെ സംസാരിക്കുന്നത്. പക്ഷേ താരത്തെ പരിഗണിക്കുമ്പോൾ ബാറ്റിങ് മികവുകൂടി നോക്കേണ്ടിവരും. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഋഷഭ് പന്ത് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സഞ്ജു സാംസൺ അങ്ങനെയല്ല” എന്നാണ് ഗവാസ്കർ തുറന്നടിച്ചത്.
ട്വന്റി 20 ലോകകപ്പിന് മുൻപ് ഇന്ത്യ കളിച്ച ഏക സന്നാഹ മത്സരത്തിൽ തിളങ്ങാൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമെടുത്ത് പുറത്തായിരുന്നു. അതേസമയം ഋഷഭ് പന്ത് അർധ സെഞ്ച്വറി തികച്ചിരുന്നു. 32 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 53 റൺസാണ് നേടിയത്. മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പന്ത് നാല് വീതും സിക്‌സുകളും ഫോറുകളുമാണ് ബൗണ്ടറി കടത്തിയത്.