ലണ്ടനിൽ വെച്ച് മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. രണ്ട് വർഷത്തിലധികമായി ലണ്ടനിൽ താമസിക്കുന്ന പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ 10 വയസുകാരിയായ ലിസെൽ മരിയക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ട്.
ലണ്ടനിലെ ഹാക്ക്നിയിൽ ഇന്നലെ (ബുധനാഴ്ച) രാത്രി 9.20-ഓടെ നടന്ന വെടിവെപ്പിലാണ് ലിസെൽ മരിയ ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റത്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിന് സമീപം ബൈക്കിൽ എത്തിയ ഒരാളാണ് വെടിവെച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഉൾപ്പെടെയുള്ളവർ പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.
വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലിസെൽ മരിയയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി താമസിച്ചുവരികയാണ് ലിസെൽ മരിയയുടെ കുടുംബം.