തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം തിയേറ്റർ അടക്കിവാഴാൻ വീണ്ടും താരരാജാവെത്തുന്നു. നാളെ റിലീസിനെത്തുന്ന ‘ടർബോ’യുടെ ടിക്കറ്റിന് നിലവിൽ വലിയ ഡിമാന്റാണ്. കേരളത്തിൽ മാത്രം 2.60 കോടി രൂപയുടെ പ്രീ ബുക്കിങ് നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ കളക്ഷനാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
1,400 ഷോകളിൽ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം കേരളത്തിൽ 300-ലധികം തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുക. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ടർബോയുടെ ട്രെയിലർ ഉൾപ്പെടെ ആരാധകർക്കിടയിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.