വിവിധ രാജ്യങ്ങളിൽ ഇലക്ട്രിക് എയർ ടാക്സികൾ ആകാശം കീഴടക്കുമ്പോൾ പരീക്ഷണത്തിനൊരുങ്ങുകയാണ് ഖത്തർ. ഇനി ഖത്തറിലും ആകാശത്തിലൂടെ എയർ ടാക്സികൾ പറക്കും. 2025ന്റെ തുടക്കത്തോടെ പരീക്ഷണപ്പറക്കൽ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഖത്തർ ഗതാഗത മന്ത്രാലയം.
യാത്രക്കാരുടെ ഹ്രസ്വദൂര സഞ്ചാരം സാധ്യമാക്കുന്ന എയർ ടാക്സിയും ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷണത്തിനായി ഒരുങ്ങിയതായാണ് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചത്. പരിസ്ഥിതി സൗഹൃദവും കാർബൺ പുറന്തള്ളൽ കുറവുമുള്ള സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഖത്തറിൽ എയർ ടാക്സിയും ഇലക്ട്രിക് ഡെലിവറി പ്ലെയിനും പരീക്ഷിക്കുന്നത്.
ഖത്തർ ദേശീയ വികസന പദ്ധതിയുടെ മൂന്നാം ഘട്ടങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇവയുടെ പരീക്ഷണ പറക്കലിനുള്ള അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.