സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ഒരു തടസംകൂടി നീങ്ങി. ഒത്തുതീർപ്പിന് സഹായിച്ച വാദി ഭാഗത്തെ വക്കീലിനുള്ള ഫീസ് എംബസിയുടെ അക്കൗണ്ടിലെത്തി. ഏഴര ലക്ഷം സൗദി റിയാലാണ് (ഏകദേശം ഒന്നര കോടിയിലധികം രൂപ) കേരളത്തിൽ നിന്നും റിയാദ് എംബസിയുടെ അക്കൗണ്ടിലേക്ക് എത്തിയത്.
ഈ തുക എംബസി മുഖേന തന്നെ വക്കീലിന് കൈമാറുകയാണ് ചെയ്യുക. അഭിഭാഷകനുമായുള്ള കരാറും ചേംബർ ചെയ്‌ത് ലഭിച്ചിട്ടുണ്ട്. ഇതോടെ മോചനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കടമ്പകൂടി അവസാനിക്കും. ഇവയെല്ലാം പൂർത്തിയാകുന്നതോടെ മുഴുവൻ രേഖകളും ഗവർണറേറ്റ് കോടതിക്ക് കൈമാറും. ഇത് പരിശോധിച്ച് കോടതി വധശിക്ഷ റദ്ദ് ചെയ്ത് ഉത്തരവിറക്കുകയാണ് ചെയ്യുക. ദിയാധനം സ്വീകരിച്ച് മാപ്പു നൽകാൻ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം കോടതിയെ സമ്മതം അറിയിച്ചിരുന്നു. ഇതോടെയാണ് ഘട്ടം ഘട്ടമായി മോചനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
വൈകാതെ റഹീമിന്റെ മോചനം സാധ്യമാകും എന്നാണ് പ്രതീക്ഷ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും എംബസിയും ആവശ്യമായ സഹായങ്ങളെല്ലാം വേഗത്തിൽ ഉറപ്പാക്കുന്നുണ്ട്. എംബസി ഉദ്യേഗസ്ഥർ പ്രവർത്തന സമയത്തിൽ കൂടുതൽ ചെലവഴിച്ചാണ് കാര്യങ്ങൾ പൂർത്തിയാക്കുന്നത്. റഹീമിന്റെ കുടുംബത്തിൻ്റെ അറ്റോണിയായ സിദ്ദീഖ് തുവ്വൂരാണ് കാര്യങ്ങൾ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പൂർത്തിയാക്കുന്നത്.