2034 ആവുമ്പോഴേക്കും എമിറേറ്റ്സ് എയർലൈനിന്റെ മുഴുവൻ പ്രവർത്തനങ്ങളും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നു. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ദുബായിൽ വച്ച് നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
‘ഡി 33 പ്രോഗ്രാമിൻ്റെ ഭാഗമായി 2034 ഓടെ ഞങ്ങളുടെ മുഴുവൻ സർവീസും അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറും. സ്ഥലംമാറ്റം (ദുബായ് ഇന്റർനാഷണലിൽ നിന്ന് അൽ മക്തൂം എയർപോർട്ടിലേക്ക്) ഒറ്റയടിയ്ക്കായിരിക്കും നടക്കുമെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ദുബായ് ഇന്റർനാഷണലിലെ എല്ലാ പ്രവർത്തനങ്ങളും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അൽ മക്തൂം ഇന്റർനാഷണലിലേക്ക് മാറ്റുമെന്ന് ദുബായ് സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക വിമാനക്കമ്പനികളുടെയും വ്യോമയാന മേഖലകളുടെയും വളർച്ചയ്ക്ക് ഈ പുതിയ വിമാനത്താവളം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ യുഎഇയുടെ പുതിയ മുഖമായി അൽ മക്തും വിമാനത്താവളം മാറും.