അടുത്തിടെ തിയ്യറ്ററുകളിൽ ആവേശം തീർത്തുകൊണ്ട് ആരാധകർ ഏറ്റെടുത്ത ഫഹദ് ഫാസിൽ ചിത്രമാണ് ‘ആവേശം’. ഇത് പക്കാ ഫഫ ഐറ്റം എന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു. അന്യഭാഷ നടീ നടന്മാറ്റും സിനിമാപ്രവർത്തകരും വരെ ആവേശത്തെ പുകഴ്ത്തിക്കൊണ്ട് എത്തുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. ചിത്രം തന്നിൽ നിന്ന് വിട്ടുപോകുന്നില്ലെന്നാണ് നടി പറയുന്നത്. മാത്രമല്ല, എല്ലാവരും ‘ആവേശം’ കാണണമെന്നും നടി ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന്റെ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. സിനിമയ്ക്ക് ആവശ്യമായ സംഗീതം നൽകി ആരാധകരെ ആവേശത്തിലാക്കിയ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെയും സാമന്ത അഭിനന്ദിച്ചു. ജീനിയസ് എന്നാണ് സുഷിനെ താരം വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും താരം പങ്കുവച്ചിട്ടുണ്ട്.
രോമഞ്ചത്തിന് ശേഷം ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ആവേശം’. പേര് പോലെ തിയറ്ററുകളിൽ ആവേശം തീർത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം. ഏപ്രിൽ 11ന് റിലീസ് ചെയ്ത അഞ്ച് ദിവസം കൊണ്ടാണ് 50 കോടിയിലെത്തി. 100 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 76 കോടിയാണ് ഒമ്പത് ദിവസംകൊണ്ട് ചിത്രം നേടിയിരിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ചിത്രത്തിൽ ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, റോഷന്, മിഥുന് ജെ.എസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.