20 വർഷങ്ങൾക്ക് ശേഷം തകർപ്പർ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിജയിയുടെ ഗില്ലി. രണ്ടാം വരവിലും ചിത്രം തിയേറ്ററിൽ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. റി റിലീസിൻ്റെ ആദ്യദിനത്തിൽ ചിത്രം 11 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ‘ഗില്ലി’ റിലീസിൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് വീണ്ടും തിയേറ്ററിലെത്തിച്ചിരിക്കുന്നത്.
തമിഴ്നാടിന് പുറമെ കേരളത്തിലും ഗില്ലി റീ റിലീസ് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന് പുറമെ യുകെ, ഫ്രാൻസ്, അയർലണ്ട് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. കബഡി താരം വേലുവായി വിജയ് എത്തിയപ്പോൾ നായികയായ ധനലക്ഷ്മിയെ അവതരിപ്പിച്ചിരിക്കുന്നത് തൃഷയാണ്. ഇരുവരുടെയും അതിജീവനവും പ്രണയവും കഥയായ ചിത്രം ഒരുകാലത്ത് യുവാക്കളുടെ ആവേശമായിരുന്നു. ഗില്ലിയിൽ വില്ലനായെത്തിയ പ്രകാശ് രാജും ഏറെ കയ്യടികൾ നേടിയിരുന്നു.
2004-ൽ എട്ട് കോടി രൂപ മുതൽ മുടക്കിൽ ഒരുക്കിയ ഗില്ലി തിയേറ്ററിൽ 50 കോടിയാണ് നേടിയിരുന്നത്. നാല് കോടി രൂപയായിരുന്നു അന്ന് വിജയ് ഗില്ലിയിൽ അഭിനയിക്കുന്നതിനായി വാങ്ങിയ പ്രതിഫലമെന്നാണ് റിപ്പോർട്ട്. 20 വർഷങ്ങൾക്ക് മുമ്പുള്ള തങ്ങളുടെ ഹീറോയെ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ.