യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമുമാണ് യെമനിൽ എത്തിയത്. നിമിഷയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് അമ്മ യെമനിൽ എത്തിയത്.
കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ നടക്കും. ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ കാണുമെന്നും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ അറിയിച്ചു.
ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ജിബൂട്ടിയിലെ ഇന്ത്യൻ എംബസി ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാർഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്.