തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങൾ റദ്ദാക്കി. യുഎഇയിലെ കനത്ത മഴ കാരണം നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ നേരത്തെ യാത്ര റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്നും വിമാനങ്ങൾ റദ്ദാക്കിയത്.
ദുബായിലേക്കുള്ള എമിററ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാർജയിലേക്കുള്ള ഇൻഡിഗോ,എയർ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.
നേരത്തെ ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളുടെയും ഷാർജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്രയാണ് കൊച്ചിയിൽ നിന്ന് റദ്ദാക്കിയത്. ദുബായിലേക്കുള്ള ഫ്ലൈ ദുബായിയുടെ എഫ് ഇസെഡ് 454, ഇൻഡിഗോയുടെ 6 ഇ 1475, എമിറേറ്റ്സിന്റെ ഇകെ 533 വിമാനങ്ങളാണ് റദ്ദാക്കിയത്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.