സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഭൂതകാലവും വർത്തമാനവും കൂട്ടിമുട്ടുന്നിടത്ത് ഒരു പുതിയ ഭാവി തുടങ്ങും,’ എന്ന കുറിപ്പോടെയാണ് നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
പോസ്റ്ററിൽ രണ്ട് വ്യത്യസ്ത ലുക്കിലുള്ള സൂര്യയെയാണ് കാണാൻ കഴിയുക. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളെ ആയിരിക്കും നടൻ അവതരിപ്പിക്കുക എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. 3ഡിക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവ റിലീസ് ചെയ്യുന്നുണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു.
ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി ഡിയോളാണ് കങ്കുവയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. വിവേകയും മദൻ കർക്കിയുമാണ് ഗാനരചന. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024 ൽ കങ്കുവ തിയറ്ററുകളിൽ എത്തുമെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്.