തന്റെ പ്രിയപ്പെട്ട പിതാവിന് യാത്രാമൊഴി നേരുകയാണ് നടി മീര ജാസ്മിൻ. പിതാവിനോടൊപ്പമുള്ള കുടുംബചിത്രവും അദ്ദേഹത്തിൻ്റെ പഴയകാല ചിത്രവും സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് മീര. ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന പ്രത്യാശയോടെയാണ് മീര പിതാവിന്റെ ഓർമ്മകളിൽ നിറഞ്ഞത്.
‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ’ എന്ന കുറിപ്പിനോടൊപ്പമാണ് പിതാവിന്റെ ചിത്രങ്ങൾ താരം പങ്കിട്ടത്. ഇതോടെ നിരവധി പേരാണ് അനുശോചനമറിയിക്കുന്നത്. ഇന്നലെയാണ് മീരാ ജാസ്മിൻ്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചത്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനെത്തുന്നത്. വർഷങ്ങളായി മുംബൈയിലായിരുന്നു മീരയുടെ പിതാവ്. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ് ആണ് ഭാര്യ. ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ് എന്നിവരാണ് മറ്റുമക്കൾ. സംസ്കാരം ഞായറാഴ്ച നാല് മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ നടക്കും.