മരുഭൂമിയിൽ താൻ അനുഭവിച്ച നരകയാതനകൾ സ്ക്രീനിൽ കണ്ടതോടെ നജീബിന് തേങ്ങലടക്കാനായില്ല. ഓരോ സീൻ കാണുമ്പോഴും തന്റെ ജീവിതം കൺമുന്നിലൂടെ മിന്നിമറയുന്നതുപോലെയായിരുന്നു ആ മനുഷ്യന് തോന്നിയത്. ഒടുവിൽ സിനിമ കണ്ട് നിറകണ്ണുകളോടെ അദ്ദേഹം തിയേറ്ററിന് പുറത്തേയ്ക്ക് വന്നു. മരുഭൂമിയിൽ താൻ അനുഭവിച്ച ദുരിതം പൃഥിരാജെന്ന നടനിലൂടെ ഇന്ന് ലോകം കാണുകയാണെന്ന് കലങ്ങിയ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു.
“ഞാനനുഭവിച്ച അതേ രീതിയിൽ തന്നെയാണ് പൃഥ്വിരാജ് സർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. എന്റെ ജീവിതം തിയറ്ററുകളിൽ വരുന്നതിൽ വലിയ സന്തോഷമുണ്ട്. ലോകം മുഴുവൻ എന്നെ അറിയും. ഞാൻ അനുഭവിച്ച ദുരിതങ്ങൾ പൃഥിരാജെന്ന വലിയ നടനിലൂടെ ലോകം കാണാൻ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. ഒരു ഷേക്ക് ഹാൻഡ് പോലും കൊടുക്കാൻ പറ്റിയില്ല. പൃഥ്വിരാജ് സാറിനെ എനിക്ക് കാണണമെന്നുമുണ്ട്. അദ്ദേഹം എന്നെ കാണും. ഞങ്ങൾക്കും ഞങ്ങളുടെ നാട്ടുകാർക്കും അതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേർ വിളിക്കുന്നുണ്ട്” എന്നാണ് നെടുവീർപ്പെട്ടുകൊണ്ട് നജീബ് പറഞ്ഞത്.
കൊച്ചിയിലെ വനിതാ-വിനിതാ തിയേറ്ററിൽ ആദ്യ ഷോയ്ക്കാണ് നജീബെത്തിയത്. നോവലിസ്റ്റ് ബെന്യാമിനും നജീബിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു. കുടുംബത്തോടൊപ്പം ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചാണ് നജീബ് കാത്തിരുന്നത്. എന്നാൽ മകൻ സഫീർ ശുക്കൂറിന്റെ ഏകമകൾ സഫാ മറിയത്തിൻ്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് സിനിമ കാണാനെത്തില്ലെന്ന് ആടുജീവിതത്തിൻ്റെ അണിയറ പ്രവർത്തകരെ നജീബ് അറിയിച്ചിരുന്നു. എന്നാൽ ഇത്രയും വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററിലെത്തുമ്പോൾ നജീബെങ്കിലും ഒപ്പമുണ്ടാകണമെന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും ആഗ്രഹം നിറവേറ്റാനാണ് നജീബ് എത്തിയത്.