യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. കുരിശുമരണത്തിന് മുമ്പ് യേശു തൻ്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെയും ഓർമ്മ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാര്ത്ഥനകളുമുണ്ടാകും.
തന്റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും ദിനം കൂടിയാണ് പെസഹാ ദിനമായി ആചരിക്കുന്നത്. ഇന്ന് ക്രൈസ്തവ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. അന്ത്യത്താഴത്തിന്റെ സ്മരണയിൽ ക്രൈസ്തവർ വീടുകളിൽ വൈകിട്ട് പെസഹാ അപ്പം മുറിക്കും.
ക്രിസ്ത്യൻ കലണ്ടറിലെ ഒരു പ്രധാന ദിവസമാണ് വിശുദ്ധ വ്യാഴാഴ്ച എന്നും അറിയപ്പെടുന്ന പെസഹാ വ്യാഴം. ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹായായി കണക്കാക്കുക.