പുണ്യ റമദാൻ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടതോടെ ‘ഗിർഗിയാൻ’ ആഘോഷത്തെ വരവേൽക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റിലെ കുരുന്നുകൾ. റമദാൻ13 മുതലുള്ള മൂന്നു രാവുകൾ കുട്ടികളുടെ ആഘോഷമായി ‘ഗിർഗിയാൻ’ എന്ന പേരിൽ കൊണ്ടാടുന്നത് കുവൈറ്റിലെ പാരമ്പര്യമാണ്. ചിലയിടത്ത് ഈ ആഘോഷത്തിനെ ‘ഗരങ്കാവോ’ എന്നും വിളിക്കാറുണ്ട്. ഈ ദിവസങ്ങളിൽ മുതിർന്നവർ കുട്ടികൾക്ക് മിഠായികളും സമ്മാനപ്പൊതികളും കൈമാറുകയാണ് ചെയ്യാറുള്ളത്. അലങ്കാരങ്ങളും പ്രത്യേക വസ്ത്രങ്ങളും അണിഞ്ഞ് കുട്ടികളുടെ ‘ഗിർഗിയാൻ’ സംഘങ്ങൾ വീടുകൾ തോറും കയറി മധുരവും സമ്മാനങ്ങളും കൈമാറുന്നതാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. പാർക്കുകളും ഷോപ്പിങ് മാളുകളും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ ആഘോഷങ്ങൾ നടക്കാറുള്ളത്. കൂടാതെ കോഓപറേറ്റിവ് സൊസൈറ്റികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും ഗിർഗിയാൻ പരിപാടികൾ അരങ്ങേറും.
പാട്ടുപാടിയും സമ്മാനങ്ങൾ നേടിയും കുട്ടികൾ രാവിനെ പകലാക്കുമ്പോൾ തിരക്കുകൾ മാറ്റി വെച്ച് മുതിർന്നവരും ഈ ദിനങ്ങളിൽ കുട്ടികൾക്കൊപ്പം കൂടും. വ്യാപാര സ്ഥാപനങ്ങളിൽ ഗിർഗിയാൻ ഓഫറുകളും പതിവ് കാഴ്ചയാണ്. മാത്രമല്ല, കുരുന്നുകളുടെ ആഘോഷങ്ങൾക്ക് പൊലിമയേകാൻ ജംഇയ്യകളും മറ്റും പ്രത്യേക മത്സരങ്ങളും കലാപരിപാടികളും ഒരുക്കും. ഗിർഗിയാൻ ആഘോഷത്തിന്റെ ഭാഗമായി വിവിധ ഇനം മിഠായികളും സമ്മാനപ്പൊതികളും വിപണിയിലുണ്ടാവും. റമദാൻ രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ ഗിർഗിയാൻ ശുവൈഖിലെ മിഠായിത്തെരുവിൽ മധുരം വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. കുഞ്ഞു റാന്തൽ വിളക്കുകൾ, അലങ്കാരങ്ങൾ എന്നിവയുടെയും വിൽപനയും വർധിച്ചിട്ടുണ്ട്. ഗിർഗിയാൻ ബോക്സുകൾക്കും നല്ല ഡിമാൻറുണ്ട്. പ്രത്യേക പെട്ടികളിൽ അലങ്കാരപ്പണി ചെയ്താണ് ഗിർഗിയാൻ ബോക്സുകളാക്കുന്നത്. മിഠായിക്കൂടുകൾക്കും വിപണിയിൽ ആവശ്യക്കാരേറെയാണ്.
അതേസമയം, ഗിർഗിയാൻ ആഘോഷ വേളയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആഘോഷവേളയിൽ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. റെസിഡൻഷ്യൽ ഏരിയകളിലും സ്ക്വയറുകളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്. ഗതാഗത തടസ്സം, കുട്ടികൾക്കുണ്ടാകുന്ന അപകടസാധ്യത എന്നിവ കണക്കിലെടുത്താണിത്. റെസിഡൻഷ്യൽ ഏരിയകളിലും സ്ക്വയറുകളിലും വാഹനങ്ങൾ, വിനോദ വാനുകൾ, ബാൻഡുകൾ, ഭക്ഷണ ട്രക്കുകൾ എന്നിവ ഉപയോഗിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ ഉൾഭാഗങ്ങളിലെ റോഡുകളിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും വേഗം കുറക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. റോഡ് ഉപയോക്താക്കളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം പ്രത്യേകം ഓർമപ്പെടുത്തി.