ഖത്തറിലെ സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിധ്യമായ കള്‍ച്ചറല്‍ ഫോറം പേര് മാറ്റുന്നു. സേവന രംഗത്ത് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പുതിയ പേരിലേക്ക് മാറുന്നത്. ‘പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം’ എന്ന പേരിലായിരിക്കും ഇനിയുള്ള കാലങ്ങളിൽ സംഘടന പ്രവർത്തിക്കുക. സംഘടനയുടെ പുതിയ പേരിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ നിർവഹിച്ചു. അബൂ ഹമൂര്‍ ഐ.സി.സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിന്റെ സാമൂഹിക, സാംസ്കാരിക, വാണിജ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പുതിയ മാറ്റത്തിലൂടെ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് താങ്ങാവട്ടെയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ ആശംസിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍ ചടങ്ങിൽ മുഖ്യാതിഥിയായി.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്മാന് ഡോ. താജ് ആലുവ സംഘടനയുടെ പരിവര്‍ത്തനം പരിചയപ്പെടുത്തി സംസാരിച്ചു. പത്ത് വര്‍ഷം കൊണ്ട് വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഖത്തറിലെ മുന്‍നിര സംഘടനകളിലൊന്നാവാന്‍ ഫോറത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരേസമയം ഏതൊരു പ്രവാസിക്കും ആശ്രയിക്കാവുന്നതിനും തണലാകുന്നതിനുമൊപ്പം സംഘടനയിലെ അംഗങ്ങളുടെ വളര്‍ച്ചക്കും മുന്‍ഗണന നല്‍കിയുള്ള പദ്ധതികളാണ് പ്രവാസി വെൽഫെയർ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റുമാരായ റഷീദ് അലി, സാദിഖ് ചെന്നാടന്‍, മജീദ് അലി, നജ്ല നജീബ്, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, താസീന്‍ അമീന്, ട്രഷറര്‍ ഷരീഫ് ചിറക്കല്‍, ഉപദേശക സമിതി അംഗങ്ങളായ ശശിധര പണിക്കര്‍, റഷീദ് അഹമ്മദ്, മുഹമ്മദ് റാഫി, തോമസ് സക്കറിയ, അപക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചിരുന്നു.