ഹൃദയം തുറന്ന് പടച്ചോനെ വിളിക്കുന്ന നജീബ്… ‘പെരിയോനെ റഹ്മാനെ…’ ഓസ്കാര്‍ പുരസ്കാര ജേതാവ് എ ആര് റഹ്മാന്റെ മാന്ത്രികതയില്‍ വീണ്ടുമൊരു മായാജാലം കൂടി. യാതനകളും വേദനകളും തിന്ന് നജീബ് അനുഭവിച്ച പ്രവാസ ജീവിതത്തെ ബ്ലെസി വെള്ളിത്തിരയിലെത്തിക്കുമ്പോൾ എ.ആര് റഹ്മാന് ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ പിടിക്കുകയാണ്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശബ്ദത്തിലൂടെ മനോഹരമാക്കിയിരിക്കുന്നത് ജിതിന് രാജ് ആണ്. ഗാനത്തിന്റെ ആദ്യത്തെ രണ്ട് വരികള്‍ എഴുതിയത് എആര്‍ റഹ്മാനാണ്. മാത്രമല്ല, വരികള്‍ എഴുതി കഴിഞ്ഞതിന് ശേഷം ഈണം പകര്‍ന്നതാണ് പെരിയോനെ റഹ്മാനെ ഗാനം എന്ന പ്രത്യേകതയും ഉണ്ട്. ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്മാന് ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും ഗാനത്തിന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള ഹോപ്പ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു. മനുഷ്യനെ വീണ്ടും വീണ്ടും മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് സംവിധായകൻ ബ്ലെസി തന്നെയാണ്. അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനത്തിന്റെ വരികൾ റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, , ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എആര്‍ റഹ്മാന്, റിയാഞ്ജലി എന്നിവരാണ് എഴുതിയിരിക്കുന്നത്. എആര്‍ റഹ്മാനും റിയാഞ്ജലിയുമാണ് ഹോപ്പ് ഗാനം ആലപിച്ചിരിക്കുന്നത്.