ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ആരെയും അതിശയിപ്പിക്കുന്ന വിധത്തിൽ പരമ്പരാഗത സൗദി വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ ആഡംബര വസ്ത്ര ബ്രാന്റ് ആയ സയ്യാർ ആണ് പരസ്യത്തിന്റെ ഭാഗമായി മെസിയെ പുതിയ ലുക്കിൽ രംഗത്തിറക്കിയത്. വെള്ള തോബും തലയിൽ ചുവപ്പും വെള്ളയും കലർന്ന ഷെമാഗും (ശിരോവസ്ത്രം) ഉൾപ്പെടുന്ന പരമ്പരാഗത അറബ് വസ്ത്രമാണ് മെസി ധരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും സയ്യാർ പുറത്തുവിട്ടിട്ടുണ്ട്. ബ്രാൻഡിന്റെ പേരുള്ള ഓറഞ്ച് ബോക്സ് മെസി പ്രദർശിപ്പിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
‘നിന്റെ സൗന്ദര്യവും ചാരുതയും സയ്യാറിൽ നിന്ന് മാത്രമേ ലഭിക്കൂ. ഗോട്ടിന്റെ അതേ ‘സിഗ്നേച്ചർ ആർ ഷെമാഗ് ധരിക്കൂ’ എന്ന പരസ്യവാചകത്തോടെയാണ് സമൂഹ്യമാധ്യമമായ എക്സിൽ വീഡിയോ ഷെയർ ചെയ്തത്. 15 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യവീഡിയോയാണ് സയ്യാർ പ്രദർശിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങൾക്കും ആഡംബര വസ്തുക്കൾക്കും പേരുകേട്ട സയ്യാറിന്റെ മുഖമായി മാറിയിരിക്കുകയാണ് ഇതോടെ ലയണൽ മെസി.