കടക്ക് പുറത്ത് എന്നല്ല! കൂടെയിരിക്കൂ.. എന്നാണ് ഈ നേതാക്കൾ പറയുന്നത്. സമത്വത്തിന്റെ സാഹോദര്യത്തിന്റെ നല്ലൊരു മാത്യകയാണ് യുഎഇയിൽ നിന്ന് കാണാൻ കഴിയുന്നത്. വളരെ പ്രശസ്തമായ ഷെയ്ഖ് സായിദ് വലിയ പള്ളിയങ്കണത്തിൽ ഞായറാഴ്ച നടന്ന നോമ്പുതുറയിൽ വന്നെത്തിയത് ആരാണെന്നോ? സാക്ഷാൽ പ്രസിഡന്റ്!!
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന കൂട്ട ഇഫ്താറിൽ പങ്കെടുത്തു. മലയാളികൾ അടക്കമുള്ള വിശ്വാസികൾ നോമ്പുതുറയ്ക്കായി ഇരുന്ന നേരത്താണ് യുഎഇയുടെ ഭരണാധിപൻ വന്ന് കൂടെ നിലത്തിരുന്ന് ഇഫ്താഫിൽ പങ്കെടുത്തത്.
മലയാളികളുടെ മുന്നിലാണ് അദ്ദേഹം നേരെ വന്നിരുന്നത്. സുഖമാണോ എന്ന് എല്ലാവരോടും അറബിയിൽ ചോദിച്ചു. അദ്ദേഹം കടന്നുവന്നപ്പോൾ എല്ലാവരും എണീറ്റ് നിൽക്കാനായി ശ്രമിച്ചു. അദ്ദേഹം കൈകൾ പൊക്കി ഇരുന്നോളൂ എന്ന് എല്ലാവരോടും ചെറുപുഞ്ചിരിയോടെ പറഞ്ഞു.
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും റംസാനോടനുബന്ധിച്ച് നടന്ന ഇഫ്താറിൽ പങ്കെടുത്തു.