മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ചിത്രമായ ‘ആട്: ഒരു ഭീകരജീവിയാണ്’ മൂന്നാം അങ്കത്തിനൊരുങ്ങുന്നു. ജയസൂര്യയും വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവലും ചേർന്നാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. “പാപ്പനും പിള്ളേരും വരുവാ കേട്ടോ… ഇനി അങ്ങോട്ട് “ആടുകാലം” എന്ന കുറിപ്പോടെ ജയസൂര്യയാണ് പോസ്റ്റർ പങ്കുവെച്ചത്. ഇതോടെ മൂന്നാം വരവിൽ പാപ്പനും പിള്ളേരും എന്താണ് ഒപ്പിക്കുകയെന്നാണ് ആരാധകരുടെ ചോദ്യം.
നർമ്മത്തിൽ ചാലിച്ച കഥയുമായി ഷാജി പാപ്പനും സംഘവും ഇതിന് മുമ്പ് രണ്ട് തവണ പ്രേക്ഷകർക്ക് മുമ്പിലെത്തിയെങ്കിലും തിയേറ്ററിൽ ചിത്രം അത്ര വിജയിച്ചിരുന്നില്ല. എന്നാൽ ടോറന്റ്റിലും ടെലിവിഷനിലും സിനിമകൾക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. രണ്ടാം ഭാഗം റിലീസ് ചെയ്തതിന് ശേഷം എന്നാണ് മൂന്നാം ഭാഗം വരിക എന്ന ചോദ്യമായിരുന്നു ആരാധകരിൽ നിന്ന് ഉയർന്നത്. അതിന് പിന്നാലെ മൂന്നാം ഭാഗം വരുമെന്ന വിധത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഷാജി പാപ്പിന്റെ ആരാധകർ.
പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനുമെല്ലാം മൂന്നാം വരവിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒന്ന്, രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുതൽമുടക്കിലാണ് മൂന്നാം ഭാഗം ചിത്രീകരിക്കുന്നത്. ഏകദേശം 40 കോടി മുടക്കിലാണ് ചിത്രമൊരുങ്ങുക. ഇതോടെ ഫ്രൈഡേ ഫിലിംസിൻ്റെ ഏറ്റവും വലിയ നിർമ്മാണ സംരംഭമാകും ആട് 3.