ആടുജീവിതമാകും മകൾ അലംകൃത കാണാൻ പോകുന്ന തന്റെ ആദ്യ സിനിമയെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. തൻ്റെ ഒരു സിനിമ പോലും മകളെ ഇതുവരെ കാണിച്ചിട്ടില്ലെന്ന് പറയുന്ന താരം അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. സ്ക്രീനിൽ അവൾ കാണുന്നത് അച്ഛനെയായിരിക്കും നടനെയാകില്ല. അതുകൊണ്ടാണ് ഇതുവരെ തന്റെ ചിത്രം കാണിക്കാതിരുന്നത്. ഈ സിനിമ കാണുമ്പോൾ അവൾക്ക് മനസിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർത്ഥമെന്നും എന്നാണ് പൃഥ്വിരാജ് തുറന്നുപറഞ്ഞത്.
“ഞാൻ എൻ്റെ മകൾക്ക് എൻ്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെൻ്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവൾക്ക് 9 വയസേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർഥമെന്നും” എന്നാണ് പൃഥ്വിയുടെ വാക്കുകൾ.
ആടുജീവിതത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ബ്ലെസിയുടെ സംവിധാനമികവിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമാണ് അടുജീവിതം. എ.ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖരും ചിത്രത്തിനൊപ്പമുണ്ട്. മാർച്ച് 28നാണ് സിനിമ തിയേറ്ററുകളിലെത്തുക.