ക്രിക്കറ്റ് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് മുഹമ്മദ് ഷമി. വിക്കറ്റ് വീഴ്ത്തുന്നതിൽ വിരുതനായ ഷമിയെ ആരാധനയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ആരാധകരെ നിരാശയിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഷമി ടി20 ലോകകപ്പിൽ കളിക്കാനുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ്ഷാ.
പരിക്കിനേത്തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. താരം ഇപ്പോൾ തന്റെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. പൂർണ ആരോഗ്യവാനായ ശേഷം സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ഷമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നും ജയ്ഷാ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് 33-കാരനായ ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളത്തിലിറങ്ങിയത്. ജനുവരിയിൽ പരുക്ക് മാറാനുള്ള കുത്തിവയ്പ്പെടുക്കാൻ ലണ്ടനിലേക്ക് പോയ ഷമി കളം നിറയാനായി തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇത് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ശസ്ത്രക്രിയ വിജയകരമാണെന്നും താൻ തിരിച്ചുവരവിന്റെ പാതയിലാണെന്നുമുള്ള വാർത്ത താരം തന്നെ ആരാധകരെ അറിയിച്ചിരുന്നു. മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഷമി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.