കൊവിഡ് ഭീതിയിൽ രണ്ട് വർഷത്തോളം ആഘോഷങ്ങൾ ചുരുക്കിയ മലയാളികൾ ഇക്കുറി ഓണം ആഘോഷമാക്കിയതോടെ മദ്യവിൽപനയിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് വിൽപനയാണ് ഈ ഓണത്തിന് ബെവ്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യം ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിറ്റു. കഴിഞ്ഞ വർഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയുടെ അധികവരുമാനമാണ് സംസ്ഥാനത്ത് ഈ വർഷമുണ്ടായിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥയോ കോവിഡ് വ്യാപനമോ ഒന്നും ഭയക്കാതെ മലയാളികൾ ഓണം ഗംഭീരമാക്കിയപ്പോൾ മദ്യവിൽപ്പനയും കുതിച്ചുവെന്നത് യാഥാർത്ഥ്യം. ഉത്രാടം വരെ ഏഴു ദിവസത്തെ കണക്ക് നോക്കിയാൽ വിലപ്പന 624 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയാളവിൽ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണ് ഇത്രയും വർധനവ്. ഏഴ് ദിവസത്തെ മദ്യവിൽപ്പനയിലൂടെ വിവിധ നികുതിയിനത്തിൽ സർക്കാർ ഖജനാവിലേക്കെത്തുന്നത് 550 കോടി രൂപയാണ്.
നാല് മദ്യവിൽപനശാലകളിൽ വിൽപന ഒരു കോടി കവിയുകയും ചെയ്തു.കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയ്ക്കുള്ള മദ്യമാണ് . തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിൽ 102 കോടി രൂപയുടെ മദ്യം വിറ്രുപോയി. ഇരിങ്ങാലക്കുടയിൽ 101 കോടി രൂപയുടെ മദ്യവിൽപന നടന്നു. ചേർത്തല കോർട്ട് ജംഗഷനിലെ ഔട്ട് ലെറ്റിൽ 100 കോടി രൂപയുടെ വിൽപന നടന്നു. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്കോ ഔട്ട്ലെറ്റിന് നേരിയ വ്യത്യാസത്തിലാണ് ഒരു കോടി നേട്ടം നഷ്ടമായത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മദ്യ വിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതും ഔട്ട് ലെറ്റുകള് പലതും സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിച്ചതും എല്ലാ ബ്രാൻ്റുകളും ഔട്ട് ലെറ്റുകളിൽ എത്തിക്കാനായതുമാണ് മദ്യവിൽപ്പന കൂടാൻ കാരണമായതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു. കുറഞ്ഞ നിരക്കിലുള്ള മദ്യ വിൽപന മദ്യവിതരണക്കാർ നിർത്തിവച്ചത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. മദ്യവിതരണക്കാരുമായി ചർച്ച നടത്തി കുറഞ്ഞ നിരക്കിലുള്ള മദ്യവിതരണം ഓണക്കാലത്ത് പുനഃസ്ഥാപിച്ചതും വിൽപ്പന കൂടാൻ ഇടയാക്കി.