ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച രാജ്ഞി വിടവാങ്ങുമ്പോൾ ആ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദർശനത്തിനിടെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിക്കുന്നു.
‘എലിസബത്ത് രാജ്ഞിയുടെ ഊഷ്മളതയും ദയയും ഞാൻ ഒരിക്കലും മറക്കില്ല. ഒരു തവണ കണ്ടപ്പോൾ, രാജ്ഞിയുടെ വിവാഹത്തിന് മഹാത്മാ ഗാന്ധി സമ്മാനിച്ച തൂവാല എന്നെ കാണിച്ചു. ആ നിമിഷം ഞാൻ എന്നും വിലമതിക്കുന്നതാണ്’- പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു.
I had memorable meetings with Her Majesty Queen Elizabeth II during my UK visits in 2015 and 2018. I will never forget her warmth and kindness. During one of the meetings she showed me the handkerchief Mahatma Gandhi gifted her on her wedding. I will always cherish that gesture. pic.twitter.com/3aACbxhLgC
— Narendra Modi (@narendramodi) September 8, 2022
ഇന്നലെ രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗ വാര്‍ത്ത ബക്കിങ്ഹാം പാലസ് പ്രത്യേക കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ് 96-മത്തെ വയസിൽ രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിൻ്റെ എഴുപതാം വാർഷികത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. ആരോഗ്യപ്രശ്നങ്ങൾ കാരണം 2021 ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. ബുധനാഴ്ചയോടെ രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു.അന്ത്യ വേളയിൽ കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന് ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.