എകെ ആന്റണിയുടെ മകൻ അനില്‍ ആന്റണിക്ക് പിന്നാലെ കെ കരുണാകരന്റെ മകളും ബിജെപിയിലേക്ക്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ഡല്‍ഹിയില്‍ എത്തിയ പത്മജ ബിജെപി ദേശീയനേതൃത്വവുമായി ചര്‍ച്ച നടത്തി. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി.
ബിജെപിയില്‍ ചേരുമെന്നു നേരത്തേ വാർത്തകള്‍ വന്നെങ്കിലും അതിനെ പത്മജ തന്നെ തള്ളുകയായിരുന്നു. ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പത്മജ പറഞ്ഞത്. ഉച്ചയ്ക്ക് പങ്കുവെച്ച പോസ്റ്റ് വൈകിട്ടോടെ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് ബയോയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.
കോണ്‍ഗ്രസ് നേൃത്വത്തില്‍ നിന്ന് നേരിട്ട തുടർച്ചയായ അവഗണനയാണ് തീരുമാനത്തിന് പിന്നില്‍ എന്ന് പത്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പത്മജ. അതേസമയം സഹോദരൻ കെ മുരളീധരൻ വടകരയിൽ നിന്നും മത്സരിക്കാനിരിക്കെ പത്മജയുടെ നീക്കം കോൺഗ്രസിന് തിരിച്ചടിയാകും. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിൻ്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരൻ്റെ മകളെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബിജെപി പ്രചാരണ ആയുധമാക്കും.