മറ്റുള്ളവരുടെ മുമ്പിൽ സ്റ്റാറാകുന്നതിനായി നടത്തുന്ന പല സാഹസങ്ങളും അതിരുകടന്ന് ജീവന് ഭീഷണിയാകാറുണ്ട്. അത്തരം ഒരു സംഭവമാണ് ഗുരുവായൂർ ക്ഷേത്രനടയിൽ ഇന്ന് പുലർച്ചെ നടന്നത്. ക്ഷേത്രനടയിൽ വെച്ച് പിടിച്ച മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം നടത്തുന്നതിനിടെ ഒരു യുവാവിന് പാമ്പ് കടിയേൽക്കുകയായിരുന്നു. കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽകുമാറിനാണ് പാമ്പുകടിയേറ്റത്.
ക്ഷേത്രത്തിന്റെ വടക്കേ നടയിലെ ഗേറ്റിനടുത്തുള്ള സെക്യൂരിറ്റി ക്യാബിന് സമീപത്ത് വെച്ച് സുരക്ഷാ ജീവനക്കാരാണ് മൂർഖൻ പാമ്പിനെ കണ്ടത്. ഉടൻ അവർ പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിടുകയും ചെയ്തു. എന്നാൽ ഇന്നർ റോഡിൽ നിന്ന് നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ സുനിൽകുമാർ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവന്ന ശേഷം എല്ലാവരുടെയും മുന്നിൽ വെച്ച് വിവിധ അഭ്യാസപ്രകടനവും ആരംഭിച്ചു.
പൊലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് പാമ്പിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് അത് കേൾക്കാൾ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം തുടർന്ന സുനിൽകുമാറിനെ ഒടുവിൽ പാമ്പ് കടിക്കുകയായിരുന്നു. കടിയേറ്റതോടെ പാമ്പിനെ വലിച്ചെറിഞ്ഞ യുവാവ് തളർന്നുവീഴുകയും ചെയ്തു. യുവാവിനെ ഉടൻ ദേവസ്വം ജീവനക്കാരും ഭക്‌തരും ചേർന്ന് ദേവസ്വം മെഡിക്കൽ സെൻ്ററിൽ എത്തിക്കുകയും പിന്നീട് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു.
വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ പാമ്പുപിടുത്തക്കാർ നടത്തിയ അന്വേഷണത്തിൽ ആറടിയോളം നീളമുള്ള മൂർഖനെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. പിന്നീട് പാമ്പിനെ അവർ എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.