സമൂഹത്തിന് അപകടകരമായ പല കാര്യങ്ങളും ദിനംപ്രതി നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും അവ പൊലീസിന്റെയോ അധികൃതരുടെയോ ശ്രദ്ധയിൽപ്പെടുത്തണമെന്ന് തോന്നാറുമുണ്ടാകാം. എന്നാൽ വിവരങ്ങൾ കൈമാറുമ്പോൾ സ്വന്തം പേര് വെളിപ്പെടുത്തേണ്ടി വരുമെന്ന് കരുതി പലരും അതിന് തയ്യാറാകാറില്ല. ഭാവിയിൽ പുലിവാല് പിടിക്കേണ്ട എന്ന ചിന്ത തന്നെയാണ് അതിന് കാരണം. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.
സ്റ്റേഷനിൽ പോകാതെയും സ്വന്തം പേര് പോലും വെളിപ്പെടുത്താതെയും രഹസ്യങ്ങൾ രഹസ്യമായി കൈമാറാൻ സാധിക്കുന്ന സംവിധാനമാണ് പൊലീസ് ആരംഭിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ് (Pol App) വഴിയാണ് വിവരങ്ങൾ കൈമാറേണ്ടത്. ആപ്ലിക്കേഷനിലെ Share anonymously എന്ന വിഭാഗത്തിലൂടെയാണ് വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ സാധിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അധികൃതർ ഇക്കാര്യം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചത്. അതിനാൽ ഇനി സാമൂഹത്തിന് ദൂഷ്യമാകുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മടിക്കാതെ അധികൃതരെ അറിയിക്കാൻ ശ്രമിക്കുമല്ലോ..