ലോക കാൻസർ ദിനത്തിന്റെ ഭാഗമായി കാൻസർ റൺ പ്രചാരണ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി അബുദാബി. ഫെബ്രുവരി 4-ന് അൽ മരിയ ഐലൻഡിൽ വെച്ച് രാവിലെ 6 മണിയ്ക്കും 10 മണിയ്ക്കും ഇടയിലാണ് കാൻസർ റൺ നടക്കുക. മത്സരത്തിന്റെ വിവിധ വിഭാഗങ്ങിൽ വിജയിക്കുന്നവർക്ക് സമ്മാനതുകയും നൽകുമെന്ന് സംഘടകർ അറിയിച്ചു.
അബുദാബി സ്പോർട്സ് കൗൺസിൽ, ക്ളീവ്ലാൻഡ് ക്ലിനിക് അബുദാബി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കുന്നത്. വിവിധ തരം കാൻസർ രോഗങ്ങളെക്കുറിച്ചും, അവ വരാനുള്ള സാധ്യതകളെക്കുറിച്ചും, കാൻസർ തടയുന്നതിനായി ആരോഗ്യപരമായ ജീവിത ശൈലികൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
1-3 കിലോമീറ്റർ, 5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ 5, 10 വിഭാഗങ്ങളിലെ വിജയികൾക്കാണ് സമ്മാനം നൽകുന്നത്. 5 കിലോമീറ്റർ വിഭാഗത്തിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2000 ദിർഹം, 1500 ദിർഹം, 1000 ദിർഹം എന്നിങ്ങനെയും 10 കിലോമീറ്റർ വിഭാഗത്തിൽ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 3000 ദിർഹം, 2000 ദിർഹം, 1000 ദിർഹം എന്നിങ്ങനെയാണ് സമ്മാന തുകകൾ.