മലയാളി മനസ്സുകളെ മരുഭൂമിയിൽ തളച്ചിട്ട കഥാപാത്രമാണ് ‘ആടുജീവിത’മെന്ന നോവലിലെ നജീബ്. ജോലി തേടി ഗൾഫിൽ എത്തുന്ന എല്ലാവരും സുഖ ജീവിതമല്ല നയിക്കുന്നത് എന്ന് തുറന്ന് കാട്ടിയ നോവലെന്ന് ഒരൊ വായനക്കാരും വാഴ്ത്തി. എന്നാൽ മണലാരണ്യത്തിൽ ദുരിത ജീവിതം നയിച്ച നജീബ് ഒരു യഥാർത്ഥ വ്യക്തിയാണ് എന്ന് അറിഞ്ഞപ്പോൾ വായനക്കാർ വീണ്ടും ഞെട്ടി. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന് തെളിയിച്ച ബെന്യാമിന്റെ ‘ആടുജീവിതം’ ഇപ്പോൾ വെള്ളിത്തിരയിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.
ആടുജീവിതം ബിഗ് സ്ക്രീനിൽ കാണുന്നതിന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. പുറത്ത് വരുന്ന ചിത്രത്തിന്റെ ഒരൊ പോസ്റ്ററുകളും ആ ആകാംക്ഷ വർധിപ്പിക്കുന്നുമുണ്ട്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ആടുജീവിതത്തിന്റെ മൂന്നാമത്തെ പോസ്റ്ററും വൈറലാകുകയാണ്. തെന്നിന്ത്യൻ താരം ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യൽ മീഡിയ പേജിലൂടെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിങ്ങുമായിരുന്നു ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകൾ റിലീസ് ചെയ്തത്.
ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രതിഫലിക്കുന്ന പോസ്റ്ററുകളാണ് ഇതുവരെ പങ്കുവച്ചിട്ടുള്ളത്. എന്നാൽ മുൻപ് പുറത്ത് വിട്ട പോസ്റ്ററുകളിലെ ലുക്കുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലേത്. ജീവിതം ദുരിത കയത്തിലേക്ക് വീഴുന്നതിന് മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാൻ കഴിയുക.
ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായെത്തുന്നത് പൃഥ്വിരാജാണ്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി രൂപാന്തരപ്പെടാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ശേഷം 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. 2023 ജൂലൈ 14 ന് ഷൂട്ടിംഗ് പൂർത്തിയായി. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നജീബിന്റെ ഭാര്യയായി എത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ആടുജീവിതത്തിലെ ജീവനുള്ള കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ശ്രീകർ പ്രസാദും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സും നിർവഹിക്കുന്നു. പിആർഒ ആതിര ദിൽജിത്ത് ആണ്. ഏപ്രിൽ 10ന് നജീബിന്റെ ജീവിതം പുസ്തകത്തിൽ നിന്ന് സ്ക്രീനിലെത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.