ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വിശിഷ്ടാതിഥിയായി എത്തിയപ്പോഴാണ് മാക്രോൺ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 2030-ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ഫ്രാൻസിൽ പഠിക്കാൻ അവസരം ലഭിക്കുക.
“2030-ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും” എന്നാണ് മാക്രോൺ കുറിച്ചത്. ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കുമെന്നും സർവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രാൻസിൽ പഠിച്ച പൂർവ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
30,000 Indian students in France in 2030.
It’s a very ambitious target, but I am determined to make it happen.
Here’s how: pic.twitter.com/QDpOl4ujWb
— Emmanuel Macron (@EmmanuelMacron) January 26, 2024
ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഇമ്മാനുവൽ മാക്രോണിന് വലിയ സ്വീകരണമാണ് ഇന്ത്യ നൽകിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം കുതിരകളെ പൂട്ടിയെ പരമ്പരാഗത ബഗ്ഗിയിലാണ് മക്രോൺ ഇന്ന് ആഘോഷവേദിയായ കർത്തവ്യപഥിലെത്തിയത്. അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുകയാണ്.