സൗദിയിലെ റിയാദ് നഗരത്തിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു. റിയാദ് മുനിസിപ്പാലിറ്റിയാണ് സ്മാർട്ട് പാർക്കിങ് ലോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി നഗരത്തിൻറ വിവിധ ഭാഗങ്ങളിൽ പൊതുപാർക്കിങ് സ്ഥലങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ആദ്യഘട്ട കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. റിയാദ് മുനിസിപ്പാലിറ്റി വികസന വിഭാഗവും സ്വകാര്യ സ്ഥാപനമായ റിമാത് റിയാദ് ഡെവലപ്മെൻറ് കമ്പനിയും രാജ്യത്ത് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനിയായ എസ്.ടി.സിയുടെ അറബ് ഇൻറർനെറ്റ് ആൻഡ് കമ്യൂണിക്കേഷൻസ് സർവിസസ് കമ്പനിയായ ‘സൊല്യൂഷൻസും’ ആണ് കരാറിൽ ഒപ്പുവെച്ചത്.
10 വർഷം കൊണ്ട് പൊതു-വാണിജ്യ റോഡുകളിൽ 24,000വും താമസകേന്ദ്രങ്ങളിൽ 140,000വും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുമെന്നാണ് കരാറിൽ പറയുന്നത്. കൂടാതെ തെരുവുകളോടും വാണിജ്യ കേന്ദ്രങ്ങളോടും ചേർന്നുള്ള ജില്ലകളിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് പരിമിതപ്പെടുത്തുകയും അതോടൊപ്പം താമസക്കാരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. മാത്രമല്ല, താമസ സ്ഥലങ്ങൾക്കടുത്ത് ക്രമരഹിതമായ പാർക്കിങ് കുറക്കുകയും ലക്ഷ്യമിട്ടാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
പാർക്കിങ് ലോട്ടുകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രയോഗവും ആവശ്യമായ നിർദേശങ്ങളും നിയന്ത്രണവും മാനേജ്മെൻറ് സേവനങ്ങൾ നൽകുന്നതുമെല്ലാം കരാറിന്റെ പരിധിയിൽ ഉൾപ്പെടും. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളും മികച്ച പ്രവർത്തന രീതികളും ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുക എന്നും മുനിസിപ്പാലിറ്റി അറിയിച്ചു.