ബുർജ് ഖലീഫയ്ക്ക് ശേഷം ദുബായിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ബുർജ് അസീസി ദുബായിൽ വരുന്നു. ബുർജ് അസീസിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി യുഎഇ ആസ്ഥാനമായുള്ള അസീസി ഡെവലപ്മെന്റ്സ് അറിയിച്ചു.ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്ത് ടവറിന്റെ നിർമ്മാണം അടുത്തിടെ ആരംഭിച്ചതായി ഡെവലപ്പേഴ്സ് അറിയിച്ചു. ടവറിൻ്റെ നിർമ്മാണം നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
1.5 ബില്യൺ ഡോളർ ചിലവഴിച്ചാണ് ബുർജ് അസീസി ഒരുക്കുന്നത്. ഒരു സെവൻ സ്റ്റാർ ഹോട്ടൽ, ആഡംബര വസതികൾ, പെന്റ്ഹൗസ് അപ്പാർട്ടുമെന്റുകൾ, വെർട്ടിക്കൽ മാൾ എന്നിവ ലക്ഷ്യമിടുന്നു. ഉയരം എത്രയാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരകാഴ്ചകൾ ആസ്വദിക്കാനുള്ള സവിശേഷമായ നിരീക്ഷണ ഡെക്ക്, ഉയർന്ന നിലവാരമുള്ള ഭക്ഷണ-പാനീയ കേന്ദ്രങ്ങൾ എന്നിവ കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. ടവറിൻ്റെ തറക്കല്ലിടൽ ചടങ്ങിനായുള്ള ഔദ്യോഗിക തീയതി ഉടൻ പ്രഖ്യാപിക്കും.
2010 ജനുവരി നാലിനായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉയർന്നത്. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം.