2023ലെ ഐസിസി മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് താരത്തെ തേടി പുരസ്കാര നേട്ടമെത്തുന്നത്. 2023ൽ 17 ഇന്നിങ്സിൽ നിന്നായി 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യകുമാറിന്റെ സ്കോർ നേട്ടം. 155.95 ആണ് പ്രഹരശേഷി. രണ്ട് സെഞ്ചുറിയും നാല് അർധ സെഞ്ചുറിയും ഇക്കാലയളവിൽ താരം നേടിയിട്ടുണ്ട്.
മുംബൈ സ്വദേശിയായ സൂര്യകുമാറിന്റെ പേരിൽ നാല് ട്വന്റി20 സെഞ്ചുറികളുമുണ്ട്. ഇക്കാര്യത്തിൽ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെലിനൊപ്പം രണ്ടാമതാണ് താരത്തിന്റെ സ്ഥാനം. അഞ്ച് സെഞ്ചുറികളുള്ള ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയാണ് ഒന്നാം സ്ഥാനത്ത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതിനു പിന്നാലെ ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാറിനെ നിയോഗിച്ചിരുന്നു.
60 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 45.55 ശരാശരിയില്‍ 2141 റണ്‍സാണ് സൂര്യകുമാറിന്റെ ആകെ നേടിയിട്ടുള്ളത്. 171.55 ആണ് പ്രഹരശേഷി. ചൊവ്വാഴ്ച ഐസിസി പുറത്തുവിട്ട ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായും സൂര്യകുമാറിനെ തെരഞ്ഞെടുത്തിരുന്നു. ഓപ്പണര്‍ യഷസ്വി ജയ്സ്വാള്‍, സ്പിന്നര്‍ രവി ബിഷ്ണോയ്, പേസര്‍ അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഐസിസില്‍ ടീമിൽ ഇടംനേടിയ മറ്റു താരങ്ങള്‍.