ഒരു വ്യക്തിയുടെ ശബ്ദം അനുകരിക്കാനും വീഡിയോകൾ നിർമ്മിക്കാനും മാത്രമല്ല കയ്യക്ഷരം പകർത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. അബുദാബിയിലെ മൊഹമ്മദ് ബിൻ സയ്യിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ (എം.ബി.സെഡ്.എ.ഐ) ഗവേഷകരാണ് ഒരു വ്യക്തിയുടെ കയ്യെഴുത്ത് രീതി അനുകരിക്കാൻ സാധിക്കുന്ന എഐ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
ഒരാൾ കൈകൊണ്ട് എഴുതിയ കുറച്ച് വാക്യങ്ങളിൽ നിന്ന് അയാളുടെ കയ്യെഴുത്ത് ശൈലി തിരിച്ചറിയാനും അത് അനുകരിച്ച് എഴുതാനും ഈ എഐയ്ക്ക് സാധിക്കും. ഒരു ട്രാൻസ്ഫോർമർ മോഡൽ ഉപയോഗിച്ചാണ് ഗവേഷകർ ഇത് സാധ്യമാക്കിയത്. ഇത്തരം സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസിൽ നിന്ന് പേറ്റൻ്റ് ലഭിക്കുന്ന ആദ്യത്തെ എഐ സർവകലാശാലയാണ് തങ്ങളെന്ന് എം.ബി.സെഡ്.എ.ഐ ഗവേഷണ സംഘം പറഞ്ഞു.
കൈകൾക്ക് പരിക്കേറ്റ ഒരാൾക്ക് സ്വന്തം കൈപ്പടയിൽ ആവശ്യമുള്ളവ എഴുതുന്നതിനും ഡോക്ടർമാരുടെ മരുന്നുകുറിപ്പുകൾ വായിച്ചെടുക്കുന്നതിനുമെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. അതോടൊപ്പം, വ്യാജ രേഖകളുടെ നിർമ്മാണത്തിന് ഇത് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുമുണ്ട്. എങ്കിലും പുതിയൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ സാധിക്കതിന്റെ സന്തോഷത്തിലാണ് ഈ ഗവേഷകർ.